Special News
ഒരു സോഷ്യല് മീഡിയ സെലിബ്രിറ്റി കുടുംബത്തിലെ അമ്മൂമ്മയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം കഴിഞ്ഞയാഴ്ച വൈറലായി. അമ്മൂമ്മ ടോക്സിക് ആണെന്നും അവരുടെ രണ്ടു പെണ്മക്കളും അവരെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവര് കൊച്ചുമക്കള്ക്കെതിരെ പോലും അസഭ്യവര്ഷവും അധിക്ഷേപവും നടത്തിയിട്ടുണ്ടെന്നും ഒരു ചെറുമകള് പറയുകയുണ്ടായി. അമ്മൂമ്മയാകട്ടെ, ചെറുമകള് തന്നോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന് ഉദാഹരണങ്ങള് സഹിതം വിവരിച്ചു.
രണ്ടു പേരുടെ ഭാഗം ചേര്ന്നും ചര്ച്ചകള് ഉണ്ടായെങ്കിലും, രണ്ടമ്മൂമ്മമാര്ക്കിടയില് വളര്ന്നൊരാളെന്ന നിലയില്, പ്രായമാകുംതോറും മനുഷ്യര്ക്കുണ്ടാകുന്ന മാറ്റങ്ങളും അവ കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും നിഷ്പക്ഷമായി വിലയിരുത്തപ്പെടുന്നില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
മുതിര്ന്ന പൗരര് നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളെപ്പറ്റി കൃത്യമായ അവബോധവും സംവേദനക്ഷമതയുമുണ്ടാവുക എന്നത് കേരളത്തെ പോലെ പ്രായമായ മനുഷ്യരുടെ അനുപാതം ഏറ്റവുമധികമുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ച് വളരെയധികം പ്രധാനമാണ്.
കേരള ജനസംഖ്യയില് അഞ്ചിലൊരാള് അറുപതു വയസിനു മുകളില് പ്രായമുള്ളയാളാണ്. രണ്ടായിരത്തി മുപ്പത്താറിന് ശേഷം ഇത് നാലിലൊരാളായി മാറും. മലയാളി യുവജനതയുടെ പഠന-തൊഴില്-വിവാഹ കുടിയേറ്റങ്ങള് കേരളത്തിലെ ഒരുപാട് കുടുംബങ്ങളില് പ്രായമായവരെ മാത്രം അവശേഷിപ്പിക്കുന്നുണ്ട്.
പ്രായമാകുംതോറും മനുഷ്യര്ക്ക് ഇന്സെക്യൂരിറ്റികള് കൂടി വരും. ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക സൗഖ്യം കുറയുകയും വൈകാരിക ആശ്രയത്വം കൂടുകയും ചെയ്യും. ഇതില് തന്നെ ആയുര്ദൈര്ഘ്യം സ്ത്രീകള്ക്ക് കൂടുതലായതിനാല് അവര്ക്ക് പങ്കാളിയുടെ രോഗങ്ങളും മരണവും കൂടി നേരിടേണ്ടതായി വരും.
മാനസിക അരക്ഷിതാവസ്ഥയുടെ ഫലമായി, അവരില് ചിലര് പലവിധ പീഡനങ്ങള് അനുഭവിക്കുകയും മറ്റു ചിലര് പീഡകരായി മാറുകയും ചെയ്യും. രണ്ടു സാഹചര്യങ്ങളിലും ഇത് കുടുംബാന്തരീക്ഷം കൂടുതല് കലുഷിതമാക്കും. അതിന്റെ മൂര്ധന്യാവസ്ഥയില്, അമ്മയെ ചവിട്ടിക്കൊല്ലുന്ന മകനും മരുമകളെ വെട്ടിക്കൊല്ലുന്ന അമ്മായിയമ്മയും പത്രവാര്ത്തകളില് നിറയും.
ക്ഷയിക്കുന്ന ആരോഗ്യം
വാർധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങള് ശാരീരികം മാത്രമാകണമെന്നില്ല. പ്രായമായവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങളെ "അവരുടെ സ്വഭാവം അങ്ങനെയാണ്' എന്ന് പറഞ്ഞു നിസാരവത്കരിക്കരുത്.
വൈറ്റമിനുകളുടെയും ധാതുക്കളുടേയും കുറവു മുതല് മറവി, ഡിപ്രഷന് തുടങ്ങിയ രോഗങ്ങള് വരെ ഇതിന്റെ പിന്നിലുണ്ടായേക്കാം. ആരോഗ്യ ഇന്ഷുറന്സും വര്ഷത്തിലൊരിക്കലെങ്കിലുമുള്ള ഹെല്ത് ചെക്കപ്പും മുതിര്ന്ന പൗരര്ക്ക് അത്യാവശ്യമാണ്. ഒപ്പം, നിലവിലുള്ള അസുഖങ്ങളുടെ ഫോളോ അപ്പ് ചികിത്സയും.
ഭാരമാകുന്ന വൈകാരിക ആശ്രിതത്വം
ആരോടും ഒത്തുപോകാത്ത ചില മുതിര്ന്നവരുടെ സ്വഭാവം മക്കള്ക്ക് തന്നെ ബാധ്യതയായി മാറാന് സാധ്യതയുണ്ട്. "തനിക്ക് ആഗ്രഹിക്കുന്ന കരുതല് കിട്ടുന്നില്ല', 'മക്കള്ക്ക് അവരുടെ പങ്കാളിയോടാണ് കൂടുതല് സ്നേഹം', "കൊച്ചുമക്കള് ഒന്നും അനുസരിക്കുന്നില്ല' തുടങ്ങി എപ്പോഴും പരാതിപറയുകയും മറ്റുള്ളവരുടെ സ്വകാര്യതകളില് ഇടപെടുകയും ശുശ്രൂഷിക്കുന്നവരോട് വളരെ മോശമായി പെരുമാറുകയും കുടുംബത്തിലെ കുറ്റങ്ങളും കുറിവുകളും പെരുപ്പിച്ചു കാട്ടി മറ്റുള്ളവരോട് പറയുകയും ചെയ്യുന്ന ചില മാതാപിതാക്കളുണ്ട്.
വാർധക്യത്തില് മക്കളോടും മറ്റു കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വൈകാരിക ആശ്രിതത്വം സ്വന്തം അരക്ഷിതാവസ്ഥ കൂടുന്നതനുസരിച്ച് മാനിപ്പുലേഷനിലേക്കും ബ്ലാക്ക് മെയിലിംഗിലേക്കും വരെ പോയേക്കാം. ഇത് പ്രായം കൂടും തോറും രൂക്ഷമാവുകയും മക്കളുടെ സന്തോഷവും സമാധാനവും കെടുത്തുകയും ചെയ്യുന്നു. ബന്ധങ്ങള് വഷളാകുന്ന ഇത്തരം അവസ്ഥകളില് തീര്ച്ചയായും ഒരു പ്രഫഷണല് ഹെല്പ് തേടേണ്ടതുണ്ട്.
സാമ്പത്തിക ചൂഷണം
ചില കുടുംബങ്ങളില് മക്കളാണ് പ്രായമായ അച്ഛനമ്മമാര്ക്ക് ബാധ്യതയായി മാറുന്നത്. അച്ഛനമ്മമാരുടെ സ്വത്തും പെന്ഷന് കാശുമെല്ലാം കൈക്കലാക്കുകയും അവരെ തെരുവില് ഉപേക്ഷിക്കുകയോ ഗാര്ഹിക പീഡനത്തിനിരയാക്കുകയോ ചെയ്യുന്നവരുണ്ട്.
സ്വസ്ഥതയും സ്വൈര്യവും നഷ്ടമാകുന്ന ഇത്തരം സാഹചര്യങ്ങളില് മക്കൾക്കെതിരേയാണെങ്കില് പോലും നിയമസഹായം കൈക്കൊള്ളാന് മടിക്കേണ്ടതില്ല. അയല്വാസികളുടേയോ വാര്ഡ് മെമ്പര്മാരുടെയോ സഹായത്തോടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചാല് ഇത്തരം പീഡനങ്ങള് തടയാനാവും.
ഒറ്റപ്പെടല്
വാര്ധക്യത്തിലെ വലിയൊരു പ്രതിസന്ധിയാണ് ഒറ്റപ്പെടല്. പഴയ കാലത്തേപ്പോലെ മക്കളുടേയോ മറ്റു കുടുംബാംഗങ്ങളുടേയോ അയല്വാസികളുടേയോ സാമീപ്യം ലഭ്യമാവാത്ത സാഹചര്യങ്ങളില് പ്രത്യേകിച്ചും. കൂടെയുണ്ടെങ്കിലും മക്കള് സ്വന്തം ജോലിയുടേയും കുടുംബത്തിന്റെയും തിരക്കില് പെടുമ്പോള്, പങ്കാളി കൂടി ഇല്ലാത്ത അവസ്ഥയില്, കുറച്ചു നേരം സംസാരിക്കാനോ സമയം ചിലവാക്കാനോ പോലും ആരുമില്ലെന്നു വരുമ്പോള്, അല്ലെങ്കില് പുറത്തിറങ്ങാനാകാതെ കിടപ്പിലാകുമ്പോള്, ചിലരെങ്കിലും സ്വന്തം മരണം ഒരനുഗ്രഹമായി കരുതും.
പ്രായമായ മനുഷ്യര്ക്കും സ്നേഹവും കരുതലും സാമൂഹിക ബന്ധങ്ങളും ആവശ്യമുണ്ട് അവര്ക്കൊപ്പം സമയം ചിലവഴിക്കാനും അവരെ ചടങ്ങുകള്ക്കോ ആരാധനാലയങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ ഇടയ്ക്കിടെ കൊണ്ട് പോകാനും മറക്കരുത്.
ഏജിംഗ് ഗ്രേസ്ഫുളി!
മുതിര്ന്ന പൗരര്ക്ക് ഒരു പുറംലോക, സാമൂഹിക ജീവിതം സാധ്യമാകേണ്ടതുണ്ട്. വികസിത രാജ്യങ്ങളില് വീല്ചെയറില് പോലും തനിച്ചു പുറത്തേക്ക് പോവുകയും യാത്ര ചെയ്യുകയും പാര്ക്കുകളിലും പൂന്തോട്ടങ്ങളിലും ചെന്നിരിക്കുകയും കൂട്ടുകാര്ക്കൊപ്പം സമയം ചിലവിടുകയും ചെയ്യുന്ന വൃദ്ധര് ഒരു സാധാരണ കാഴ്ചയാണ്. ആരൊക്കെ കൂടെയുണ്ടെങ്കിലും ഗ്രേസ് ഫുള് ആയ ഒരു വാര്ധക്യത്തിന് സ്വാശ്രയത്വവും അത്യാവശ്യമാണ്.
ലക്ഷ്യങ്ങളവസാനിച്ച ജീവിതമല്ല, പകരം പണ്ട് ചെയ്യാനാവാതെ പോയതോ പുതിയതായി രൂപപ്പെട്ടതോ ആയ താത്പര്യങ്ങളുടെ ബക്കറ്റ് ലിസ്റ്റ് പൂര്ത്തിയാക്കാന് ആവേശത്തോടെ മുന്നോട്ടിറങ്ങുന്ന ഒന്നാവണം വാർധക്യമെന്ന വിശ്രമ കാലം.
പുസ്തകങ്ങള്, സിനിമകള്, സീരീസുകള്, യാത്രകള്, എഴുത്ത്, പാചകക്കുറിപ്പുകള് തയാറാക്കല്, എന്തിന് സോഷ്യല് മീഡിയ പോലും വിനോപാധിയാക്കാം. പഴയ കൂട്ടുകാരുടെയൊക്കെ നമ്പര് സംഘടിപ്പിച്ച് വാട്ട്സാപ്പില് മിണ്ടിയും പറഞ്ഞുമിരിക്കാം. മനസുണ്ടെങ്കില് പ്രായം ഒരു തടസമേയല്ല!
Kerala
പാലാ: യോഗ മികച്ച ജീവിതക്രമം പാലിക്കാന് ഏവരെയും പ്രാപ്തരാക്കുന്നുവെന്ന് ജോസ് കെ. മാണി എംപി. ദീപിക ബാലസഖ്യത്തിന്റെയും സ്പെഷല് സ്കൂള് ഒളിമ്പിക്സ് കേരളയുടെയും സംയുക്താഭിമുഖ്യത്തില് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യൂണിഫെഡ് യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ ചാവറ പബ്ലിക് സ്കൂളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള് പ്രിന്സിപ്പല് ഫാ. സാബു കൂടപ്പാട്ട് സിഎംഐ അധ്യക്ഷത വഹിച്ചു. ഡിസിഎല് കൊച്ചേട്ടന് ഫാ. റോയി കണ്ണൻചിറ സിഎംഐ, സ്പെഷല് സ്കൂള് സംസ്ഥാന കോ-ഓർഡിനേറ്റര് ഫാ. ക്ലീറ്റസ് ടോം ഇടശേരി സിഎംഐ, ഡിസിഎല് നാഷണല് കോ-ഓർഡിനേറ്റര് വര്ഗീസ് കൊച്ചുകുന്നേല്, ഡിസിഎല് പാലാ മേഖലാ ഓര്ഗനൈസര് ജയ്സണ് ജോസഫ് കുഴികോടിയില് എന്നിവര് പ്രസംഗിച്ചു.
തുടര്ന്നു നടന്ന യോഗ പരിശീലനത്തിന് തൊടുപുഴ പ്രതീക്ഷ സ്പെഷല് സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് ഹണി എസ്എച്ച് നേതൃത്വം നല്കി.
Health
കുട്ടികളുടെ കഴുത്തിനു ചുറ്റും കക്ഷങ്ങളിലും കാണപ്പെടുന്ന കറുത്ത പാടുകൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. കേവലം അഴുക്കായി കാണരുതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്നും ഡോക്ടർമാർ. എത്ര കഴുകിയാലും തേച്ചുരച്ചാലും മാറാത്ത ഇത്തരം പാടുകൾ അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
അമിതഭാരമുള്ള കുട്ടികളിലാണു സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ചർമത്തിൽ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഈ കറുപ്പ് നിറം ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇത് ഭാവിയിൽ കുട്ടിക്ക് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അക്കാന്തോസിസ് നൈഗ്രിക്കൻസ് ഒരു പകർവ്യാധിയോ നേരിട്ടു ദോഷകരമായ അവസ്ഥയോ അല്ല. എങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് മറികടക്കാൻ സാധിക്കും. പഞ്ചസാരയുടെ ഉപയോഗം കുറച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകാഹാരങ്ങൾ ശീലമാക്കുകയാണ് ഇതിൽ പ്രധാനം.
വ്യായാമത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജമായി മാറ്റാൻ പേശികളെ സഹായിക്കുന്നത് ഇൻസുലിന്റെ ആവശ്യം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതും ഈ ആരോഗ്യപ്രശ്നത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും. കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Health
മൾബറിപ്പഴം യഥാര്ഥത്തില് പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിന് എ, സി, കെ എന്നിവയ്ക്കു പുറമെ പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയാല് സമ്പന്നമായ മള്ബറി കേവലം ഒരു പഴം എന്നതിലുപരി മികച്ചൊരു ഔഷധം കൂടിയാണെന്ന് എത്ര പേര്ക്കറിയാം.
ഹൃദയാരോഗ്യത്തിന്
മള്ബറിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും രക്തക്കുഴലുകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്താന് ഉത്തമമാണ്. ഇതു രക്തയോട്ടം സുഗമമാക്കുകയും രക്തസമ്മര്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലെ ഡയറ്ററി ഫൈബര് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന് സഹായിക്കുന്നതിനാല് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ, ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്ധിപ്പിക്കാന് സഹായിക്കുന്ന ഇരുമ്പും ഇത്തിരിക്കുഞ്ഞന് പഴത്തില് ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തിന്
ടൈപ്പ്-2 പ്രമേഹമുള്ളവര്ക്ക് ഉത്തമമാണ് മള്ബറി. വൈറ്റ് മള്ബറിയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന് സഹായിക്കുന്നുവെന്ന് ഗവേഷകര്. നാരുകള് ധാരാളം അടങ്ങിയിട്ടുള്ളതിനാല് ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള് ഒഴിവാക്കാനും മള്ബറിക്ക് കഴിവുണ്ട്.
കാന്സറിനെതിരേ
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന് മള്ബറിയിലെ വിറ്റാമിന് സി സഹായിക്കുന്നു. ഇടയ്ക്കിടെ പനി, ജലദോഷം എന്നിവ ബാധിക്കുന്നവര്ക്ക് ഇതു മികച്ചൊരു പ്രതിരോധ മാര്ഗമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിനുകളും റെസ്വെറാട്രോളും അര്ബുദ കോശങ്ങളുടെ വളര്ച്ചയെ തടയാന് സഹായിക്കുന്നതായി ഗവേഷകര് അഭിപ്രായപ്പെടുന്നു. വന്കുടല്, ചര്മം, പ്രോസ്റ്റേറ്റ് തുടങ്ങിയ അര്ബുദങ്ങളെ പ്രതിരോധിക്കാന് മള്ബറി ഡയറ്റില് ഉള്പ്പെടുത്തുന്നതു ഗുണകരമാണ്.
സൗന്ദര്യം സംരക്ഷിക്കാം... തലച്ചോറിന്റെ ആരോഗ്യവും
അകാല വാര്ധക്യം തടയാനും ചര്മത്തിന്റെ തിളക്കം നിലനിര്ത്താനും മള്ബറി സഹായിക്കുന്നു. മുടികൊഴിച്ചില് തടയാനും ഇതു ഫലപ്രദമാണ്. മസ്തിഷ്കത്തിന് ആവശ്യമായ കാത്സ്യം നല്കുന്നതിലൂടെ ഓര്മശക്തി വര്ധിപ്പിക്കാനും അല്ഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും മൾബറിക്കു കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ശരീരഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര്ക്ക് കലോറി കുറഞ്ഞ മള്ബറി മികച്ചൊരു ലഘുഭക്ഷണമായി ഉപയോഗിക്കുന്നതും ഗുണകരമാണ്.
Health
നാല്പതു വയസു പിന്നിട്ടവര് ആരോഗ്യകാര്യത്തില് അതീവ ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യവിദഗ്ധര്. പ്രായമാകുമ്പോള് ശരീരത്തിന്റെ മെറ്റബോളിസം മാറുന്നതിനാല് ഭക്ഷണരീതിയില് തീര്ച്ചായും മാറ്റങ്ങള് വരുത്തണം.
മനുഷ്യശരീരത്തില് വാര്ധക്യത്തിന്റെ പ്രധാന മാറ്റങ്ങള് സംഭവിക്കുന്നത് 44-60 വയസിനിടയിലാണെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു. നാല്പതു പിന്നിടുമ്പോള് സംസ്കരിച്ച ഭക്ഷണങ്ങള് ഒഴിവാക്കുന്നത് വാര്ധക്യത്തിന്റെ വേഗത കുറയ്ക്കാന് സഹായിക്കുമെന്നാണ് ഗവേഷകര് പറയുന്നത്.
ഒഴിവാക്കേണ്ട അഞ്ചു പ്രധാന ഭക്ഷണങ്ങള്
1. സംസ്കരിച്ച മാംസം
ബേക്കണ്, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവയില് അമിതമായ സോഡിയവും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ചിക്കന്, മത്സ്യം (പ്രത്യേകിച്ച് മത്തി), ബീഫ് എന്നിവ മിതമായ അളവില് ഉപയോഗിക്കാം.
2. മധുരപാനീയങ്ങള്, മദ്യം
സോഡയും മധുരമുള്ള പാനീയങ്ങളും ഇന്സുലിന് അളവ് വര്ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന് കാരണമാവുകയും ചെയ്യുന്നു. പകരം ഗ്രീന് ടീ, ബ്ലാക്ക് കോഫി ശീലമാക്കുന്നത് ഉചിതമായിരിക്കും.
3. വറുത്ത ഭക്ഷണങ്ങള്
ഉയര്ന്ന ചൂടില് വറുത്തെടുക്കുന്ന ഭക്ഷണങ്ങളില് അക്രിലാമൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിന്റെ വീക്കം വര്ധിപ്പിക്കുന്നു. എയര് ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ ഒലിവ് ഓയില് ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര് അഭിപ്രായപ്പെടുന്നു.
4. ശുദ്ധീകരിച്ച കാര്ബോഹൈഡ്രേറ്റുകള്
ബ്രഡ്, പേസ്ട്രി, ഇന്സ്റ്റന്റ് ഓട്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്ധിപ്പിക്കുന്നു. ഇതിനുപകരം പ്രോസസ് ചെയ്യാത്ത ഓട്സ്, ക്വിനോവ എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതു നല്ലത്.
5. സ്നാക്സ്
ചിപ്സ്, കുക്കീസ് തുടങ്ങിയവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അകാല വാര്ക്യത്തിനു കാരണവുമാകും. ലഘുഭക്ഷണമായി പഴങ്ങള്, നട്സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിനു ഗുണപ്രദമാണ്.
പൂര്ണമായും ഒഴിവാക്കാന് സാധിച്ചില്ലെങ്കിലും, ഇത്തരം ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുന്നത് നാല്പതു വയസിനു ശേഷമുള്ള ജീവിതം ഊര്ജസ്വലമാക്കാന് സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു.
Viral
മുംബൈയിലെ അന്ധേരി വെസ്റ്റിലെ തിരക്കേറിയ തെരുവുകളിൽ സാധാരണ ഗതിയിൽ നടക്കാറുള്ള ഒരു സ്ട്രീറ്റ് ഇന്റർവ്യൂ ഇത്രത്തോളം വലിയ ചർച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല.
ഒരു കോണ്ടന്റ് ക്രിയേറ്റർ യാദൃശ്ചികമായി ഒരു യുവതിയോട് അവളുടെ മാസവാടകയെക്കുറിച്ച് ചോദിക്കുന്നിടത്താണ് ഈ വൈറൽ ദൃശ്യങ്ങളുടെ തുടക്കം.
പ്രതിമാസം ഒന്നര ലക്ഷത്തിനടുത്ത് (1.2 ലക്ഷം) രൂപ വാടക നൽകുന്നുണ്ടെന്ന അവളുടെ മറുപടി കേട്ട് അമ്പരന്ന വ്ലോഗർ, ആ വീട് ഒന്ന് കാണിച്ചുതരാമോ എന്ന് ചോദിച്ചതോടെയാണ് പ്രേക്ഷകർ ആ ആഡംബര ലോകത്തേക്ക് പ്രവേശിക്കുന്നത്.
അങ്ങേയറ്റം സ്റ്റൈലിഷ് ആയി ഒരുക്കിയ, പെൺകുട്ടികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള 'ഫെമിനൈൻ ഈസ്തെറ്റിക്' രീതിയിലുള്ളതായിരുന്നു ആ അപ്പാർട്ട്മെന്റ്.
കിടപ്പുമുറിയിലെ വലിയ പിങ്ക് ബോയും പ്രിയപ്പെട്ട വളർത്തുമൃഗവും മനോഹരമായ പെയിന്റിംഗുകളും ചേർന്ന ആ വീട് കാഴ്ചക്കാർക്ക് വലിയൊരു കൗതുകമായിരുന്നു.
എന്നാൽ ഈ വീഡിയോയെ ഇന്റർനെറ്റിലെ ചർച്ചാവിഷയമാക്കിയത് ആ വീടിന്റെ ഭംഗിയേക്കാൾ ഉപരിയായി യുവതി തന്റെ ജോലിയെക്കുറിച്ച് നൽകിയ മറുപടിയാണ്.
താൻ ഒരു 'സ്റ്റേ അറ്റ് ഹോം ഡോട്ടർ' ആണെന്നും സ്വന്തമായി ജോലിയൊന്നുമില്ലാതെ കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് കഴിയുന്നതെന്നും അവൾ വെളിപ്പെടുത്തി.
തന്റെ അങ്കിളിനോട് പണം ചോദിച്ചു വാങ്ങുന്നതിനെക്കുറിച്ച് തമാശരൂപേണ സംസാരിച്ച അവൾ, മുംബൈ പോലുള്ള നഗരത്തിൽ ഇത്തരമൊരു ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകാൻ മാസം രണ്ടര ലക്ഷം രൂപയെങ്കിലും ആവശ്യമാണെന്നും കണക്കുകൂട്ടുന്നു.
ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിക്കുകയും മറ്റൊരു വിഭാഗത്തെ ചിന്തിപ്പിക്കുകയും ചെയ്തു. സാധാരണക്കാർ കഠിനാധ്വാനം ചെയ്ത് ജീവിക്കുമ്പോൾ, പ്രിവിലേജ്ഡ് ആയ ഇത്തരം ജീവിതങ്ങളെ എങ്ങനെ കാണണമെന്നതായിരുന്നു ഉയർന്നു വന്ന പ്രധാന ചോദ്യം.
അതേസമയം, ആഡംബരത്തിന്റെ ഈ തിളക്കത്തിന് പിന്നിൽ മാനസികമായ ചില പൊരുതലുകളുടെ കഥ കൂടി ആ യുവതി പങ്കുവെക്കുന്നുണ്ട്.
തന്റെ അമ്മയ്ക്ക് നേരിടുന്ന സിസോഫ്രീനിയ എന്ന മാനസികാരോഗ്യ പ്രശ്നത്തെക്കുറിച്ചും, കാലാവസ്ഥാ മാറ്റങ്ങൾ അമ്മയുടെ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് മാത്രമാണ് ശൈത്യകാലത്ത് മുംബൈയിലേക്ക് താമസം മാറുന്നതെന്നും അവൾ വിശദീകരിച്ചു.
തന്റെ കുട്ടിക്കാലം ഉത്തരവാദിത്തങ്ങൾ നിറഞ്ഞതായിരുന്നു എന്ന അവളുടെ വാദം പലരിലും സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയത്. ഒരു വശത്ത് സാമ്പത്തികമായ ആനുകൂല്യങ്ങൾ അനുഭവിക്കുമ്പോഴും മറുവശത്ത് കുടുംബപരമായ വെല്ലുവിളികൾ നേരിടുന്നു എന്ന അവളുടെ നിലപാട് 'കഷ്ടപ്പാട്' എന്ന വാക്കിന്റെ അർഥത്തെക്കുറിച്ച് പുതിയ സംവാദങ്ങൾക്ക് വഴിതുറന്നു.
Leader Page
ജീവജാലങ്ങളുടെ നിലനില്പിനു വേണ്ട ഊർജവും പോഷകങ്ങളും നല്കുന്ന ശക്തിസ്രോതസാണ് ഭക്ഷണം. പോഷകസന്പന്നമായ ഭക്ഷണം ആരോഗ്യരക്ഷ ഉറപ്പാക്കുന്നു. ഭക്ഷണം ഔഷധമെന്നല്ലോ പഴമൊഴി. ഓരോ ദേശത്തിനും സംസ്കാരത്തിനും സമൂഹത്തിനും തനത് ഭക്ഷ്യക്രമങ്ങളും ആഹാരാചാരങ്ങളുമുണ്ട്. ഭക്ഷണം അവയുടെയെല്ലാം അനന്യതയുടെയും വ്യക്തിത്വത്തിന്റെയും അടയാളമാണ്. ഭക്ഷ്യസാധന ലഭ്യതയും കാലാവസ്ഥാ ഭേദങ്ങളും പ്രദേശത്തിന്റെ ഭക്ഷണസന്പ്രദായത്തെയും സ്വഭാവത്തെയും നിർണയിക്കും.
വിശപ്പിന്റെ വിലാപങ്ങൾ
വിശപ്പ് ആത്മാഭിമാനത്തിന്റെ നിശബ്ദനൊന്പരമാണ്. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ സ്റ്റേറ്റ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ റിപ്പോർട്ടനുസരിച്ച് 673 ദശലക്ഷം ആളുകൾ ആഗോളതലത്തിൽ പട്ടിണിയിലാണ്. പ്രതിവർഷം ഒൻപതു ദശലക്ഷം പേർ കൊടുംവിശപ്പുകൊണ്ട് മരിക്കുന്നു. പതിനൊന്നു പേരിൽ ഒരാളെങ്കിലും ലോകത്ത് വെറുംവയറുമായി ഉറങ്ങാൻ പോകുന്നു. വിശപ്പിന്റെ വേദന സഹിക്കാനാകാതെ നിലവിളിക്കുന്ന 148 ദശലക്ഷം കുട്ടികളിൽ ഒരു കുട്ടി വീതം ഓരോ സെക്കൻഡിലും വിശപ്പില്ലാലോകത്തേക്ക് യാത്രയാകുന്നു. പ്രതിവർഷം 3.1 ദശലക്ഷം കുഞ്ഞുങ്ങളുടെ ഓമനമുഖങ്ങൾ ലോകത്തുനിന്നു മാഞ്ഞുപോകുന്നു. 822 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ, ധാതുക്കൾ, ജീവകങ്ങൾ, ഫൈബർ, വെള്ളം എന്നീ സപ്തപോഷകങ്ങളുടെ ഇല്ലായ്മയാണിവർ അനുഭവിക്കുന്നത്.
ഇന്ത്യക്കും വിശക്കുന്നു
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ 194 ദശലക്ഷം ആളുകൾ പട്ടിണിവയറോടെ അന്തിയുറങ്ങുന്നു. 30 ലക്ഷത്തോളം അനാഥർ ദിവസവും പട്ടിണിയിലാണ്. പട്ടിണിരാജ്യങ്ങളുടെ പട്ടികയിൽ 42-ാം സ്ഥാനത്താണ് ഇന്ത്യ. 13.7 ശതമാനത്തോളം ഇന്ത്യക്കാർ ഗുണനിലവാരം കുറഞ്ഞ ഭക്ഷണംകൊണ്ട് തൃപ്തിപ്പെടുന്നു. വിശപ്പിന്റെ തീവ്രത സൂചിപ്പിക്കുന്ന മാനദണ്ഡവ്യവസ്ഥയനുസരിച്ച് പട്ടിണി ലേശംപോലുമില്ലാത്ത അവസ്ഥയുടെ സൂചിക ‘പൂജ്യം’ (സീറോ) ആയിരിക്കുന്പോൾ ഇന്ത്യയുടെ സ്കോർ 27.13 ആണ്. ഗ്ലോബൽ ഹംഗർ ഇൻഡക്സ് അനുസരിച്ച് 127 രാജ്യങ്ങളിൽ കഴിഞ്ഞവർഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 107ലേക്ക് വീണു.
ഇന്ത്യൻ വിശപ്പിന്റെ കാരണങ്ങൾ
ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലുണ്ടാകുന്ന നഷ്ടം, വിതരണത്തിലെ കാര്യക്ഷമതക്കുറവ്, അസമത്വം, അഴിമതി, ചൂഷണങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ പാഴാക്കൽ, ദുരുപയോഗം, മലിനീകരണം, ദരിദ്രകുടുംബത്തിലെ ലിംഗ അസമത്വം, പ്രകൃതിദുരന്ത പ്രത്യാഘാതങ്ങൾ, വീട്ടമ്മമാരുടെ അജ്ഞത... അങ്ങനെ വിശപ്പിന്റെ കാരണങ്ങളുടെ പട്ടിക നീളുകയാണ്.
ദിനപ്രമേയം
‘മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക’ എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിന പ്രമേയം.
ഭക്ഷ്യസന്പ്രദായം
സമകാലിക ഭക്ഷ്യസന്പ്രദായത്തെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പോഷകാഹാരം, കൃഷി, സാമൂഹ്യബന്ധങ്ങൾ, ഇടപെടലുകൾ എന്നിവയെ സ്വാധീനിക്കുന്ന, പരസ്പരബന്ധിതമായ സംവിധാനങ്ങളുടെയും പ്രക്രിയകളുടെയും സമുച്ചയത്തെയാണ് ഭക്ഷ്യസന്പ്രദായം എന്നു പറയുന്നത്. 100 കോടിയിൽപരം ആളുകളുടെ ഉപജീവനമാർഗമാണ് ആഗോള ഭക്ഷ്യസന്പ്രദായം.
ഭക്ഷണം പാഴാക്കലെന്ന സാമൂഹ്യതിന്മ
ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും ഭക്ഷണരീതിയിലും ആവശ്യമനുസരിച്ച് പാചകം ചെയ്യുന്നതിലും വിളന്പുന്നതിലും പുലർത്തേണ്ട ജാഗ്രത വലുതാണ്. പാഴാക്കുമ്പോൾ സംഭവിക്കുന്ന സാന്പത്തികനഷ്ടത്തേക്കാൾ ഗുരുതരമാണ് അവ ഉത്പാദിപ്പിച്ച കൃഷിഭൂമിയിൽനിന്നു പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങളും രാസവള കീടനാശിനി ഉച്ഛിഷ്ടങ്ങളും മൂലം പടരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ. കഴിക്കാനാവശ്യമുള്ള അളവിൽ മാത്രം വിളന്പുന്ന ശൈലി സ്വീകരിക്കണം.
മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ വിശന്നു പൊരിയുന്നവന്റെ അവകാശമാണ്. അവ നശിപ്പിക്കാൻ ഉടമയ്ക്ക് അധികാരമില്ല. മിച്ചം വരുന്ന ഭക്ഷണം വിശക്കുന്നവരെ കണ്ടെത്തി നല്കാൻ ഉടമയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഒരു കാരണവശാലും നശിപ്പിക്കരുതെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി കർശന നിർദേശം നല്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷ
‘സകലർക്കും തങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എല്ലായ്പോഴും ലഭിക്കുന്ന അവസ്ഥയെ ഭക്ഷ്യസുരക്ഷ’ എന്ന് 1996ലെ ലോകഭക്ഷ്യ ഉച്ചകോടി നിർവചിച്ചിട്ടുണ്ട്. സുരക്ഷിത ഭക്ഷണലഭ്യത മനുഷ്യാവകാശമാണ്. സർക്കാർ, ഭക്ഷ്യോത്പാദകർ, ശാസ്ത്രജ്ഞർ, പൗരസമൂഹം, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുടെയെല്ലാം കൂട്ടായ ഉത്തരവാദിത്വമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത്.
അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും ഭക്ഷണ ഇനങ്ങളുടെ പ്രാദേശിക വൈവിധ്യവും വ്യത്യസ്തമായ ഉപഭോഗ രീതികളും മൂലം ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയിൽ ആശങ്കയുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാനിലവാര അഥോറിറ്റി ഭക്ഷ്യസുരക്ഷാ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാവൽക്കാരാണ്.
പരിസ്ഥിതിയും ഭക്ഷ്യസന്പ്രദായവും
ആഗോള ഭക്ഷ്യസന്പ്രദായത്തിന് പരിസ്ഥിതിയുമായി ബന്ധമുണ്ട്. രാജ്യങ്ങൾക്കിടയിലും ഉള്ളിലുമുള്ള സംഘർഷങ്ങൾ, കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതങ്ങൾ, സാന്പത്തിക അനിശ്ചിതത്വം, ജൈവവൈവിധ്യനഷ്ടങ്ങൾ, മലിനീകരണം, ജലക്ഷാമം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾ ഭക്ഷ്യശൃംഖലയെ ദുർബലപ്പെടുത്തുകയോ അവയുടെ വഴിമുടക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ജൈവവൈവിധ്യ നഷ്ടങ്ങൾ, വനനശീകരണം, മരുഭൂവത്കരണം, മലിനീകരണം, ജലക്ഷാമം തുടങ്ങിയ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സുസ്ഥിര ഭക്ഷ്യസന്പ്രദായത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് ലോകരാഷ്ട്രങ്ങളും എഫ്എഒയും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ഭക്ഷണാവകാശം
ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പ്രതിപാദിക്കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിൽ ഭക്ഷണം സന്പാദിച്ച് ജീവിക്കാനുള്ള അവകാശവും ഉൾച്ചേർന്നിട്ടുണ്ടെന്നു വ്യാഖ്യാനിക്കാം.
1996ലെ ലോക ഭക്ഷ്യ ഉച്ചകോടി ഭക്ഷണത്തിനുള്ള മനുഷ്യന്റെ അവകാശം പ്രഖ്യാപിച്ചിട്ടുണ്ട്. വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽനിന്നു മുക്തരായി സുരക്ഷിതവും മാന്യവുമായ ഭക്ഷണം നേടാനുള്ള അവകാശത്തെ ഭക്ഷണാവകാശമെന്നു വിളിക്കുന്നു. എന്നും എല്ലാവർക്കും സൗജന്യഭക്ഷണം ലഭിക്കണമെന്ന് ഇതിനർഥമില്ല. എന്നാൽ യുദ്ധം, പ്രകൃതിദുരന്തം, തടവ് തുടങ്ങിയ നിയന്ത്രണാതീത സാഹചര്യങ്ങളിൽ ഭക്ഷണം കിട്ടാതെ വരുമ്പോൾ സർക്കാരിൽനിന്നു നേരിട്ടു ഭക്ഷണം ലഭിക്കാനുള്ള അവകാശം ദുരിതബാധിതർക്കുണ്ട്.